Saturday, December 15, 2018

1997 SSLC batch-വേപ്പുമരം 3


ഇന്നലെ ഓഫീസ് കഴിഞ്ഞു വരും വഴി തേടിയ വള്ളി; ബൈജു കാലിൽ ചുറ്റി. ന്നാപ്പിന്നെ സ്കൂൾ വരെ പോയാല്ലോന്ന് വള്ളി. സ്കൂളിലെത്തി HM നെയും കണ്ട് നേരേ വേപ്പുമരച്ചോട്ടിലേയ്ക്ക്. 23.4.2018 ന് ഒന്നാം പിറന്നാൾ കഴിഞ്ഞ് സുമാർ ഒരു മാസവും പതിനൊന്നു ദിവസവും അതാണ് പ്രായം. എന്നിട്ടും താങ്ങുവടി ഒക്കെ ഉപേക്ഷിച്ചു ഗമയിൽ നിൽക്കുവാണ് കക്ഷി. അല്ലെങ്കിലും ജന്മം കൊണ്ടുകഴിഞ്ഞാൽ സ്വയം നിവർന്നു നിൽക്കാൻ മനുഷ്യനോളം സമയം വേണ്ടിവരില്ലല്ലോ മറ്റൊരു ജീവിക്കും. മരങ്ങൾക്ക് പ്രത്യേകിച്ചും. പിഞ്ചു കാൽപ്പാദം നിലത്തുറപ്പിച്ചു നിവർന്നെഴുന്നേറ്റ പിഞ്ചോമനയുടെ കുസൃതിച്ചിരിയും, നിഷ്കളങ്കത പൊട്ടിയൊലിച്ചിറങ്ങുന്ന ഇളംചുണ്ടിലെ ഒരിറ്റു തേൻതുള്ളിപോൽ കുഞ്ഞിലത്തുമ്പിലെ മഴത്തുള്ളിയും ഒക്കെ പ്രതീക്ഷിച്ചെത്തിയ ഞങ്ങൾക്ക് തെറ്റി. ഒരു ഹൈസ്കൂൾ കുട്ടിയുടെ മട്ടും ഭാവവും ആയിരുന്നു. കൗമാര വസന്തം മുഖത്തൊട്ടിച്ചു വയ്ക്കാറുള്ള സുന്ദര ശോണവർണ പൂമൊട്ടുകളും കാണാൻ കഴിഞ്ഞില്ല. ഒറ്റനോട്ടത്തിൽ ന്യൂജെൻ സ്റ്റൈലിൽ തലമുടി ആകാശത്തേക്ക് നീട്ടിവളർത്തി ഒരു ഫ്രീക്കൻ. വാ അളിയാ എന്ന മട്ടിൽ തൊട്ടടുത്തുള്ള ചങ്ക് ബ്രോ; ഞാവൽ മരത്തിന്റെ തോളിൽ കയ്യിട്ടൊരു നിൽപ്പാണ്.....
സ്കൂൾ തുറന്നതോടെ ഒറ്റപ്പെടലിന്റെ ആവലാതി ഒക്കെ മാറിയിരിക്കുന്നു. കാലവർഷം വന്നെത്തിയതിന്റെ സന്തോഷം വേറെയും. കൂട്ടുകാരുമായി കളിച്ചുല്ലസിച്ചും, ചില്ലറ പ്രണയാർദ്ര മനസുകളുടെ കുശലങ്ങൾ സുഖദം ശ്രവിച്ചും, അടുത്തേയ്ക്ക് വരുന്ന പിള്ളാരുടെ തലയിൽ വെള്ളം ഇറ്റിച്ചു രസിച്ചും.... ഞെരിപ്പുകളും മറ്റും തന്നെ....
വീണ്ടുവിചാരം തീരെ തീണ്ടാത്ത പ്രായമല്ലേ, അങ്ങനങ്ങു കയറൂരി വിടാനും പറ്റില്ല. ന്താപ്പോ ചെയ്കാ.. കുറച്ചു സമയത്തെ ആലോചനാമൃതം കഴിഞ്ഞ് ഞങ്ങളൊരു തീരുമാനം എടുത്തു. തത്കാലം വട്ടത്തിൽ ഒരു കമ്പി വേലി സ്ഥാപിക്കാം. അതിൽ മ്മടെ ബാച്ചിന്റെ പേര് കമ്പിയിൽ തന്നെ എഴുതിയും വയ്ക്കാം. അതാകുമ്പോൾ ചാടിപ്പോകത്തുമില്ല, മ്മടെ ചങ്കാണെന്ന് അറിയേം ചെയ്യും. HM നോട് കാര്യങ്ങൾ പറഞ്ഞ് വേലിവയ്ക്കാനുള്ള അനുവാദവും വാങ്ങി ഞങ്ങൾ ഇറങ്ങി. പിന്നെ ഫോട്ടം പിടുത്തം, സെൽഫി, ഫ്രീക്കന്റെ വക യോ യോ യും....🤘😎🤗
5. 06. 2018
https://www.facebook.com/groups/900928096683740/permalink/1600677750042101/

1997SSLC BATCH

എന്റെ പ്രിയ കൂട്ടുകാരേ,
ഏവർക്കും സ്നേഹം നിറഞ്ഞ  *പുതുവത്സരാശംസകൾ*.
പോയ വർഷക്കാലമത്രയും  സൗഹൃദം തുറന്നു വച്ചു സ്നേഹിച്ചതിനും, ചങ്കിലെ ചങ്കന്മാരിലൊരാളായി കരുതി കൂട്ടുചേർത്തതിനും ഒത്തിരി നന്ദി.

പുനഃസമാഗമ പ്രതീക്ഷകളിൽ വർഷാദ്യനാളുകൾ പുളകിതമായതും..
പിന്നീട്  ഒത്തു ചേരലിന്റെ മധുരം നുകർന്നു ലഹരി പിടിച്ചതും..
കുറെയേറെ ചിരിച്ചും, ചിരിപ്പിച്ചും, കലഹിച്ചും, കളിയാക്കിയും ഇടവേളകളില്ലാതെ ഒത്തുകൂടുമായിരുന്ന ആദ്യ വാട്ട്സാപ്പ്‌ ഗ്രൂപ്പ് വേദനയോടെ പൂട്ടേണ്ടി വന്നതും..
വിടപറയാൻ കൂട്ടാക്കാത്ത സൗഹൃദക്കുറുമ്പുകൾ   വീണ്ടും പല ഗ്രൂപ്പുകളിൽ ഒത്തുകൂടിയതും..
വളരെ ചെറിയ നിശബ്ദത പോലും അസഹനീയമായി തോന്നിയിരുന്ന ഗ്രൂപ്പിലെ ചാറ്റൽ മഴ  നനഞ്ഞങ്ങനെ നിന്നു പനി പിടിച്ചതും..
തും..
തും..
തും...
അങ്ങനെയെല്ലാം പോയവർഷം ഇനി അതിന്റെ ഓർമകളുടെ  ഭാണ്ഡക്കെട്ടിൽ ചുമന്നു നടക്കും...
സൗഹൃദങ്ങൾ കണ്ടുമുട്ടിയും കേട്ടുമുട്ടിയും അവാച്യമായൊരനുഭൂതിയിൽ ആനന്ദിച്ച ഒരു കൊല്ലക്കാലം,നിമിഷ മാത്രയിൽ നമ്മോട് വിടപറയും..
ഒക്കെയും  ഒരു സ്വപ്നമായിരുന്നോ..
വർഷങ്ങൾ ഇനിയുമെത്ര വന്നുപോയാലും, പുനഃസമാഗമങ്ങൾ ഇനിയുമെത്ര  വന്നുചേർന്നാലും ഒരു ഗൃഹാതുരസ്മരണയായ്,
ഒരു നേർത്ത നെടുവീർപ്പായി *2017* എന്നും നമ്മളിൽ നിറഞ്ഞു നില്ക്കും...
നമ്മുടെ സ്നേഹത്തെ ഒരു വർഷം കൊണ്ട് അടയാളപ്പെടുത്തിയതിന്  നിനക്ക് ഒരുപാട് ഒരുപാട് നന്ദി...
ഒപ്പം ബാച്ചിന്റെ ചക്കര മുത്തങ്ങളും..
😘😘😘😘😍
👋👋👋
31. 12. 2017
https://www.facebook.com/groups/900928096683740/permalink/1387658511344027/

1997SSLC Batch Reunion-2017

Reunion2017- NSSHS-'97batch@20



എന്തായിരിക്കും ഇപ്പോഴത്തെ അവസ്ഥ... ?!
ആകാംക്ഷ അടക്കാനാകാതെയാണ് ഞങ്ങൾ സ്കൂൾ മുറ്റത്തെത്തിയത്. മാസം നാലായിരിയ്ക്കുന്നു, ഇതുവരെയും ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും കഴിഞ്ഞിരുന്നില്ല.

ഒന്നു കണ്ടതും  ഉള്ളം കുളിർത്തു.  രണ്ടുപതിറ്റാണ്ടിനപ്പുറമുള്ള
ബാല്യകാല സൗഹൃദങ്ങളുടെയും
ആദ്യ പുനഃസമാഗമത്തിന്റെയും മധുരമൂറുന്ന ഓർമ്മകളിലൂടെ മനസ്സ് ഒഴുകിനടന്നു. ഓടിയരികെയെത്തി ഒന്ന് തൊട്ടപ്പോഴേയ്ക്കും എന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
ഞങ്ങളെ കണ്ട മാത്രയിൽ ഇളംകാറ്റിൽ മെല്ലെ ഇളകിയാടി സന്തോഷം പ്രകടിപ്പിച്ചു. ബാക്കിയുള്ളവർ എവിടെയെന്നമട്ടിൽ കുഞ്ഞിലകൾ ചലപില ശബ്ദമുണ്ടാക്കി ഞങ്ങടെ പുറകിലേയ്ക്ക് എത്തിനോക്കുന്നുണ്ടായിരുന്നു. വേരുറയ്ക്കും മുന്നേ ഉപേക്ഷിച്ചു പോയതിന്റെ തെല്ലു പരിഭവവും കാട്ടാതെ സ്കൂൾ മുറ്റത്തെ വടക്ക് കിഴക്കേ മൂലയിൽ, വളർന്നു പന്തലിയ്ക്കാൻ വെമ്പൽപൂണ്ട് തല ഉയർത്തിപ്പിടിച്ച് നിൽപ്പുണ്ടായിരുന്നു, എരിവെയിലിലും ഏകാന്തതയിലും വേരുറപ്പിച്ച ആ 'ആര്യവേപ്പിൻ തൈ'.

പോയ മധ്യവേനലവധിയിൽ എപ്പോഴൊക്കെയോ വന്നു നീരിറ്റിച്ചുപോയ വേനൽമഴയ്ക്കും, ക്ഷീണിതനെങ്കിലും കുഞ്ഞിളം തണ്ടിന് താങ്ങായ് ഏറെനാൾ കൂട്ടുനിന്ന  മരത്തടിയ്ക്കും
ഒരുപാട്‌ നന്ദി......

മൈത്രിയുടെ പച്ചപ്പണിഞ്ഞ് നിൽക്കുന്ന
ഈ തൈമരച്ചോട്ടിലെ ഇത്തിരിപ്പോന്ന തണൽത്തണുപ്പിൽ അൽപ്പനേരം ഇരുന്നപ്പോൾ എന്തെന്നില്ലാത്തൊരാശ്വാസം.
ആദ്യ പുന:സമാഗമ വേളയിൽ നമ്മുടെ വിദ്യാലയമുറ്റത്തെ ഒത്ത മൂലയിൽ ഈ വൃക്ഷത്തൈ വച്ചു പിടിപ്പിക്കുമ്പോൾ എത്രത്തോളം നാമതിനെ സ്നേഹിച്ചിരുന്നു എന്ന് അറിയില്ല. ഒരുപക്ഷേ അത്ര തന്നെയോ അതിനേക്കാളേറെയോ ഈ തൈമരം നമ്മുടെ സൗഹൃദത്തേയും ഇഷ്ടപ്പെടുന്നുണ്ടാകും.
ഗൃഹാതുരത്വമുണർത്തുന്ന വിദ്യാലയമുറ്റത്തേക്ക് നമ്മുടെ വീണ്ടുമൊരു തിരിച്ചുവരവിനായി  ആഗ്രഹിക്കുന്നുണ്ടാകും.
അന്ന് എത്തിച്ചേരുന്ന കൂട്ടുകാരെയെല്ലാം തന്റെ മടിയിലിരുത്തി തണലേകുന്നൊരു വൻമരമാകാൻ വല്ലാതെ കൊതിക്കുന്നുമുണ്ടാകും.

23.4.2017 ഇന്ന് ഒരോർമ്മ മാത്രമാകുമ്പോൾ ആ ദിനത്തിന്റെ ജീവൻ തുടിയ്ക്കുന്ന അടയാളമാവുകയാണ് ഈ വേപ്പുമരം.
1997 SSLC ബാച്ചിന്റെ,
അണയാത്ത സൗഹൃദത്തിന്റെ,
ആദ്യ പുന:സമാഗമത്തിന്റെ,
നമ്മെ വിട്ടുപിരിഞ്ഞ ഉറ്റ സ്നേഹിതരുടെ ഒക്കെ ഓർമ്മകളുടെ അടയാളമായി ഇതിവിടെ വളരട്ടെ.
ഇനിയും ഒരു ഒത്തുചേരലിന്റെ ഇളംപ്രതീക്ഷയായ്......
മാനം മുട്ടെ കലമ്പലുകൂട്ടി ഈ മുറ്റത്ത് ഓടിയണയ്ക്കുന്ന പുതിയകാല സൗഹൃദങ്ങൾക്കും ഒരു ചെറുതണലായ്......🌱
""""""""""""""""""""""""""""""""
"ഇവിടെ ഒരു കാറ്റാടിമരം നടുക
ഭ്രാന്തൂപിടിച്ചു മരിച്ച അമ്മൂമ്മയുടെ ഓർമ്മയ്ക്ക്
ഇവിടെ ഒരുചെറുനാരകം നടുക
വെള്ളം കിട്ടാതെ മരിച്ച അച്ഛന്റെ ഓർമ്മയ്ക്ക്
ഇവിടെ ഒരു അശോകത്തൈ നടുക
ആത്മഹത്യ അപഹരിച്ച ഓപ്പോൾക്ക്"

'നീതിയുടെ വൃക്ഷ' ത്തിലെ സച്ചിദാനന്ദന്റെ ഈ വരികൾക്കു താഴെ നാം കവിയറിയാതൊരു അടിക്കുറിപ്പെഴുതിച്ചേർക്കുക.

"ഇവിടെ ഒരു വേപ്പുമരം നടുക അയഞ്ഞുതുടങ്ങിയ കളിക്കൂട്ടുകണ്ണികൾ ഇനിയുമിനിയുമിവിടെ വിളക്കിച്ചേർക്കപ്പെടുമ്പോൾ ഈ മുറ്റത്ത്‌ അവർക്കിത്തിരി തണലാകാൻ.." എന്ന്.
തൊലിപ്പുറത്ത് പരുപരുപ്പാർന്ന കടുംകയ്‌പ്പേന്തിലും ഉള്ളിന്റെയുള്ളിൽ;  ജീവിതമടുപ്പാറ്റുന്ന, ഒരുനൂറ്‌ ഔഷധം പേറുന്ന 'സൗഹൃദ'കണ്ണികളുടെ ഒരു ഉത്പ്രേക്ഷ  തന്നെയല്ലേ  ആര്യവേപ്പ് എന്ന വൃക്ഷവും...
https://m.facebook.com/groups/900928096683740?view=permalink&id=1261712143938665
-23.08.2017-